
വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം രാജ്യം വിടുന്ന അമേരിക്കക്കാരുടെ എണ്ണം വർധിക്കുന്നെന്ന് റിപ്പോർട്ട്. നവംബറിൽ ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ചില ഹോളിവുഡ് താരങ്ങളും സെലിബ്രിറ്റികളും അമേരിക്ക വിട്ടിരുന്നു. അവതാരകരായ എല്ലെൻ ഡെജെനേഴ്സ്, റോസി ഒഡൊണെൽ എന്നിവരുൾപ്പെടെയുള്ളവരാണ് അമേരിക്കയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയത്. ഇപ്പോഴിതാ, അമേരിക്ക വിട്ടുപോകുന്നവരുടെ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്.
രാജ്യം വിടുന്ന അമേരിക്കക്കാരിൽ കൂടുതൽ പേരുടെയും ഇഷ്ടസ്ഥലം അയർലൻഡാണ്. ഒരുപതിറ്റാണ്ടിനിടെ ഐറിഷ് വിസയ്ക്ക് അപേക്ഷിച്ചവരുടെ എണ്ണം ഏറ്റവും കൂടുതലുണ്ടായത് ജനുവരിമുതലുള്ള മാസങ്ങളിലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജനുവരിയിലും ഫെബ്രുവരിയിലും 4,300 പേർ അപേക്ഷിച്ചു. കഴിഞ്ഞകൊല്ലത്തെക്കാൾ 60 ശതമാനം കൂടുതലാണിത്.
ദീർഘകാലതാമസം അനുവദിക്കുന്ന ഫ്രഞ്ച് വിസയ്ക്ക് 2025-ലെ ആദ്യ മൂന്നുമാസം അപേക്ഷിച്ചത് 2383 പേർ. അതിൽ 2178 പേർക്ക് ഫ്രാൻസ് വിസ നൽകി. കഴിഞ്ഞകൊല്ലം ആകെ അപേക്ഷിച്ചത് 1980 ആയിരുന്നു. ഇക്കൊല്ലം ആദ്യപാദത്തിൽ 1708 പേർ ബ്രിട്ടീഷ് വിസയ്ക്കും അപേക്ഷിച്ചു. ഇറ്റലി ലക്ഷ്യമിടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.











